പരവൂർ: രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ പകുതിയോളവും പ്രവർത്തിക്കുന്നത് ഗുരുതരമായ സാങ്കേതിക തകരാറുകളോടെയാണെന്ന് പാർലമെന്ററി പാനൽ റിപ്പോർട്ട്.
സിവിൽ ഏവിയേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്.
2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെ പരിശോധിച്ച 754 വിമാനങ്ങളിൽ 377 എണ്ണത്തിലും ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയുടെ വിമാനങ്ങളിലാണ് ഏറ്റവും കൂടുതൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്.
ഇൻഡിഗോയുടെ, പരിശോധിച്ച 405 വിമാനങ്ങളിൽ 148 എണ്ണത്തിലും തകരാറുകൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയുടെ കാര്യത്തിൽ സ്ഥിതി കൂടുതൽ ഗുരുതരമാണ്.
പരിശോധിച്ച 166 വിമാനങ്ങളിൽ 137 എണ്ണത്തിലും ആവർത്തിച്ചുള്ള തകരാറുകൾ കണ്ടെത്തി. എയർ ഇന്ത്യ എക് സ്പ്രസിന്റെ 101 വിമാനങ്ങളിൽ 54 എണ്ണത്തിലും സമാനമായ പ്രശ്നങ്ങളുണ്ട്.
270 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് എയർ ഇന്ത്യയിൽ നടത്തിയ പ്രത്യേക ഓഡിറ്റിൽ നൂറോളം സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പൈലറ്റുമാരുടെ പരിശീലനത്തിലെ കുറവ്, അന്താരാഷ്ട്ര വിമാനങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യം, ജോലി സമയ പരിധി ലംഘിച്ചുള്ള സർവീസുകൾ എന്നിവയും സുരക്ഷാ ഭീഷണി ഉയർത്തുന്നു.
കാലാവധി കഴിഞ്ഞ അടിയന്തര സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചും അനധികൃതമായി കോക്ക്പിറ്റിൽ പ്രവേശനം അനുവദിച്ചും വിമാനങ്ങൾ സർവീസ് നടത്തുന്നത് അതീവ ഗുരുതരമാണെന്ന് കമ്മിറ്റി വിലയിരുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് മാത്രം ഒമ്പത് തവണ ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
വ്യോമയാന മേഖലയിൽ അടിയന്തരമായ സുരക്ഷാ പരിഷ്കരണങ്ങൾ വേണമെന്ന് കമ്മിറ്റി സർക്കാരിനോട് ശിപാർശ ചെയ്തു.